തലച്ചോറിന്റെ ഭാഷാ ജാലകം: നാഡീ കോശങ്ങൾ വിഭാവനം ചെയ്യുന്ന മനസ്സിന്റെയും വാക്കിന്റെയും സമന്വയം

NABS | National Academy of Behavioral Science

നമ്മുടെ ചിന്തകൾ, പ്രവത്തികൾ, നമ്മുടെ ഭാഷ ഇവയെ നിയന്ത്രിക്കുന്നത് നമ്മുടെ തലച്ചോറാണ്. തലച്ചോറിനകത്ത് നടക്കുന്ന രാസപ്രവർത്തനങ്ങളാണ് നമ്മുടെ ചിന്തകളെയും, വികാരങ്ങളെയും, ഭാഷയെയും നിയന്ത്രിക്കുന്നത്. ഒന്നിലധികം ഭാഷ സംസാരിക്കുന്നവരാണ് ഭൂരിപക്ഷം ആളുകളും. ഓരോ വ്യക്തിയോടും സംസാരിക്കേണ്ട രീതിയും, വ്യാപ്തിയും, നിർണയിച്ച് അതനുസരിച്ച് സംസാരിക്കുവാൻ തലച്ചോറ് നിർദ്ദേശം നൽകുകയും, നമ്മൾ പ്രവർത്തിക്കുകയും ചെയ്യുന്നു.

ഭാഷയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് തലച്ചോറിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണെന്ന് കൃത്യമായി ലോകത്തോട് പറഞ്ഞത് ഫ്രഞ്ച് ന്യൂറോസർജൻ പോൾ ബ്രോക്കയാണ് (Paul Broca).

നാം വായിക്കുകയും, കേൾക്കുകയും ചെയ്യുന്ന ഭാഷയുടെ കൃത്യമായ അർത്ഥം മനസ്സിലാകണമെങ്കിൽ തലച്ചോറിലെ മറ്റൊരു ഭാഗത്തിന്റെ പ്രവർത്തനം അത്യന്താപേക്ഷിതമാണ്. തലച്ചോറിനകത്ത് നാഡീകോശങ്ങളും (Neurons), നാഡീ കോശങ്ങളുടെ പ്രവർത്തനങ്ങളെ സഹായിക്കുന്ന കോശങ്ങളും (Glial cells) പലവിധത്തിൽ സ്ഥിതി ചെയ്യുന്നു. നാഡീ കോശത്തിനകത്ത് ഉല്പാദിപ്പിക്കപ്പെടുന്ന രാസപദാർത്ഥം (Neurotransmitter) മറ്റൊരു നാഡീ കോശത്തിനകത്ത് ചെന്ന്, പുതിയ മാറ്റങ്ങൾ വരുത്തുകയും, പിന്നീട് ഒരു ചങ്ങല പോലെ അടുത്തടുത്ത കോശങ്ങളിൽ മാറ്റങ്ങൾ സംഭവിപ്പിച്ചുമാണ് നാഡീ കോശങ്ങൾ തലച്ചോറിലെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.

തലച്ചോർ എങ്ങനെയാണ് നമ്മുടെ ഭാഷയെ നിയന്ത്രിക്കുന്നത് എന്ന് നമുക്ക് നോക്കാം.

നമ്മൾ ഒരു പുസ്തകം വായിക്കുമ്പോൾ കണ്ണിലെ റെറ്റിനയിൽ (Retina) നിന്ന് തലച്ചോറിലെ കാഴ്ചകളെ അപഗ്രഥിക്കുന്ന കേന്ദ്രം (Visual Cortex) വരെയുള്ള പാത സജീവമാകുന്നു. രാസപദാർത്ഥത്തിന്റെ ( Neurotransmitters) സ്വാധീനം മൂലം നാഡീ കോശങ്ങളിൽ മാറ്റങ്ങൾ സംഭവിച്ചാണ് തലച്ചോറിലെ പാത സജീവമാകുന്നത്. അവിടെനിന്ന് ആങ്കുലാർ ഗയറസ് (Angular gyrus) വഴി തലച്ചോറിലെ വേർണിക്സ് ഏരിയ (Wernicke’s area) വരെയുള്ള പാത സജീവമാകുന്നു. നമ്മൾ വായിക്കുന്ന പുസ്തകത്തിലെ ഭാഷ വ്യാഖ്യാനിക്കുന്നത് തലച്ചോറിലെ കാഴ്ചകളെ അപഗ്രഥിക്കുന്ന കേന്ദ്രമാണ് (Visual cortex).അവിടെനിന്ന് ആങ്കുലാർ ഗയറസ് (Angular gyrus) ചെയ്യുന്നത് വളരെ രസകരമായ മറ്റൊരു ദൗത്യമാണ്. നമ്മൾ ഇപ്പോൾ ഒരു നോവൽ വായിക്കുകയാണെങ്കിൽ അതിലെ കഥാപാത്രങ്ങളെ മനസ്സിലേക്ക് കൊണ്ടുവരുവാനും, അവയ്ക്ക് രൂപം കൊടുക്കുവാനും, അതനുസരിച്ച് സന്ദർഭത്തെ മനസ്സിൽ ചിത്രീകരിച്ചു മനസ്സിലാക്കുവാനും, തലച്ചോറിലെ മേൽപ്പറഞ്ഞ ഭാഗം സഹായിക്കുന്നു. തുടർന്ന് വേർണിക്സ് ഏരിയ (Wernicke’s area), നാം വായിക്കുന്ന വരികളുടെ അർത്ഥം പൂർണമായി നമുക്ക് മനസ്സിലാക്കി തരുന്നു. വായിച്ചതിനെ പറ്റി എന്തെങ്കിലും സംസാരിക്കണമെങ്കിൽ, ബ്രോക്കാസ് ഏരിയയിൽ (Broca’s area)കാണപ്പെടുന്ന നാഡീ കോശങ്ങൾ സജീവമാകുന്നു. തുടർന്ന് നമ്മൾ സംസാരിക്കുകയും ചെയ്യുന്നു. മറ്റൊരാളുടെ ഭാഷ നമ്മൾ കേൾക്കുമ്പോൾ ചെവിയിലെ ഉള്ളറയിൽ (Cochlea)നിന്ന് തലച്ചോറിലെ കേൾവികളെ അപഗ്രഥിക്കുന്ന കേന്ദ്രം (Auditory cortex) വരെയുള്ള പാത സജീവമാകുന്നു. ആദ്യം വരികളുടെ വ്യാഖ്യാനം നടക്കുന്നത് അവിടെയാണ്. പിന്നീട് വേർണിക്സ് ഏരിയ (Wernicke’s area) സജീവമാകുകയും, കേൾക്കുന്ന വരികൾ നമുക്ക് പൂർണ്ണമായ അർത്ഥത്തോടെ മനസ്സിലാക്കുവാനും സാധിക്കുന്നു

comment

post a comment

Leave a Reply

Your email address will not be published. Required fields are marked *