പ്രോത്സാഹിപ്പിച്ച് മിടുക്കരാക്കാം
നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ കിട്ടുന്ന അഭിനന്ദനമാണ് ഒരു വ്യക്തിയെ വളർത്തുന്നത്. എപ്പോഴും കുട്ടികളുടെ പോരായ്മകൾ തുറന്നുകാട്ടലാണ് മിക്ക രക്ഷിതാക്കളുടെയും ശീലം. പകരം അവർ ചെയ്യുന്ന കൊച്ചുകൊച്ചു നല്ലകാര്യങ്ങളെ ഒന്ന് അഭിനന്ദിച്ചുനോക്കൂ. മുൻപ് അവർ ചെയ്ത മികച്ചകാര്യങ്ങളെക്കുറിച്ച് പറയുകയും ഇടയ്ക്കിടെ ഒാർമിപ്പിക്കുകയും ചെയ്യുക. നല്ല പെരുമാറ്റങ്ങളെ അപ്പപ്പോൾ തന്നെ അഭിനന്ദിക്കാം. ശാസിക്കേണ്ടിവന്നാൽ, അവർ എപ്പോഴും നമുക്കു പ്രിയപ്പെട്ടവരാണെന്നും ചെയ്ത പ്രവൃത്തിയെ മാത്രമാണ് തെറ്റായി കാണുന്നതെന്നും ബോധ്യപ്പെടുത്തുകയും വേണം.
സ്വയം നേടട്ടെ
ചെറുപ്പം തൊട്ടേ സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാൻ കുട്ടിയെ ശീലിപ്പിക്കണം. ഷൂസ് കെട്ടൽ, യൂണിഫോമിടൽ, പുസ്തകങ്ങൾ ബാഗിൽ വെക്കൽ, കഴിച്ചപാത്രം കഴുകിവെക്കൽ തുടങ്ങിയ കാര്യങ്ങൾ ആൺ-പെൺ വ്യത്യാസമില്ലാതെ സ്വയം ചെയ്യാനുള്ള കഴിവ് കുട്ടിയിൽ ചെറുപ്പത്തിലേ വളർത്തിയെടുക്കുക. കുട്ടിയുടെ ഒപ്പമിരുന്ന് പഠിപ്പിച്ച് കൊടുക്കുന്ന ശീലം പലർക്കുമുണ്ട്. പലതും മാതാപിതാക്കൾ ചെയ്തുകൊടുത്ത് ശീലിപ്പിച്ചാൽ സ്വയം ചെയ്യാനുള്ള ശേഷി കുട്ടിയിൽ ഇല്ലാതാകും.
നല്ല കൂട്ടുകെട്ടുകൾ കണ്ടെത്താം
ഒാരോ പ്രായത്തിലും നല്ല കൂട്ടുകെട്ടുകൾ കണ്ടെത്തി നൽകാൻ മാതാപിതാക്കൾ ശ്രദ്ധിക്കുക. നല്ലതും മോശവുമായ കൂട്ടുകെട്ടുകൾ തിരിച്ചറിഞ്ഞ് സ്വയം ഒരു തിരഞ്ഞെടുപ്പിനുള്ള കഴിവ് കുട്ടിയിൽ വളർത്തണം. ചെറുപ്പത്തിലേ മാർഗനിർദേശങ്ങൾ നൽകിയാൽ ഒരു പ്രായമെത്തുമ്പോൾ ആരൊക്കെയായി കൂട്ടുകൂടാമെന്ന സ്വയം തിരിച്ചറിവ് കുട്ടിക്കുണ്ടാകും.
വായനയിൽ മാതൃകയാവാം
ഗൗരവമുള്ള വായനയിലേക്ക് കുട്ടികളെ നയിക്കണമെങ്കിൽ മാതാപിതാക്കൾ തന്നെ മാതൃക കാട്ടണം. പുസ്തകങ്ങൾ വായിച്ച് അതിലെ കാര്യങ്ങൾ കുട്ടിയിൽ ആവേശം നിറയ്ക്കുന്ന രീതിയിൽ പറഞ്ഞുകൊടുക്കുക. കുട്ടിയുടെ ഭാവന വളരാൻ ഏറ്റവും പ്രധാനമായ ഒരു വ്യായാമമാണ് വായന. ഓരോ പ്രായത്തിനും ചേർന്ന പുസ്തകങ്ങൾ നൽകാൻ രക്ഷിതാക്കൾ മുൻകൈയെടുക്കണം.
മാറിനിൽക്കരുത്, ഒപ്പം ചേരാം
കുട്ടികളുമായി ചെലവഴിക്കാൻ പറ്റുന്ന അവസരങ്ങൾ പരമാവധി ഉപയോഗിക്കാൻ മാതാപിതാക്കൾ ശ്രമിക്കണം. കുട്ടിക്ക് എന്തും തുറന്നുപറയാൻ പറ്റുന്ന അന്തരീക്ഷം വീട്ടിലുണ്ടാവണം. കേൾക്കാൻ ആളുണ്ട് എന്ന വിശ്വാസം കുട്ടിയുടെയുള്ളിൽ ഉണ്ടാക്കിയെടുക്കുക. കുട്ടിയുടെ പ്രവൃത്തികളെ മാറിനിന്ന് കാണുകയും പ്രോത്സാഹിപ്പിക്കുകയുമല്ല മാതാപിതാക്കൾ ചെയ്യേണ്ടത്.
സമ്മാനങ്ങളും അംഗീകാരങ്ങളും
കുട്ടികൾ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ പല രീതിയിൽ അവർക്ക് അംഗീകാരം നൽകാം. സമ്മാനത്തിന് വിലകൂടരുത്
പ്രോത്സാഹനമായി നൽകുന്ന സമ്മാനങ്ങൾക്ക് വിലകൂടരുതെന്ന് പ്രത്യേകം ശ്രദ്ധിക്കണം. പത്തോ പതിനഞ്ചോ രൂപയുടേത് മതിയാവും. വിലകൂടിയ സമ്മാനങ്ങൾ കുട്ടികളുടെ മനസ്സിൽ സമ്മാനങ്ങൾക്കു മൂല്യമില്ലാതാക്കും.
ബുദ്ധിമുട്ടുകൾ കുട്ടിയും അറിയട്ടെ
വീട്ടിലെ ബുദ്ധിമുട്ടുകൾ അറിഞ്ഞുവേണം കുട്ടിയും വളരാൻ. കുട്ടി എന്ത് സാധനം ആവശ്യപ്പെട്ടാലും ഉടനെ അത് വാങ്ങിക്കൊടുക്കുന്ന രീതിയാണ് ശരാശരി മാതാപിതാക്കളും പിന്തുടരുന്നത്. സാമ്പത്തികബുദ്ധിമുട്ട് നേരിടുന്ന സമയങ്ങളിൽപോലും കുട്ടിയെ അതൊന്നും അറിയിക്കാതെ വളർത്താനാണ് പലരും ശ്രമിക്കുക. അതവരെ കഴിവുകെട്ടവരാക്കും. വീട്ടിലെ പരിമിതികൾ അറിഞ്ഞ് വളരാൻ ചെറുപ്രായത്തിലേ കുട്ടികളെ പ്രാപ്തമാക്കേണ്ടതുണ്ട്.
ചിലത് പറ്റില്ലെന്ന് തീർത്ത് പറയണം
ചില ആഗ്രഹങ്ങൾ സാധിച്ചുതരാൻ പറ്റില്ല എന്നുതന്നെ പറയണം. തുടക്കത്തിലെ സങ്കടവും കരച്ചിലും കാര്യമാക്കേണ്ട. പതുക്കെ അവർക്കത് മനസ്സിലാവും. എല്ലാം കിട്ടിയാൽ പിന്നെ സ്വയം ഒന്നും നേടുന്നതിനെക്കുറിച്ച് അവർ ചിന്തിക്കില്ല.
ഉത്തരവുകൾ അരുത്
കുട്ടിക്ക് ഓരോ പ്രായത്തിലും ഉത്തരവുകൾ നൽകിക്കൊണ്ടിരുന്നാൽ അത് നിഷേധിക്കാനുള്ള ധൈര്യം അവരിലുണ്ടാകും. കൗമാരപ്രായക്കാർ പ്രത്യേകിച്ചും. എന്താണ് ചെയ്യേണ്ടത്, എന്താണ് ചെയ്യേണ്ടാത്തത് എന്നതിനെപ്പറ്റി ഒരു ഉൾക്കാഴ്ച കൊടുക്കാനാണ് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്. ഇങ്ങനെ ഒരു പ്രവൃത്തി ചെയ്താൽ അതിന്റെ പ്രത്യാഘാതം ഇത്തരത്തിലായിരിക്കും എന്ന് കുട്ടിയോട് പറയുക. ചെയ്യണോ വേണ്ടയോ എന്ന തീരുമാനം കുട്ടി തന്നെ എടുക്കട്ടെ.
അടിയും വഴക്കും അത്ര നല്ലതല്ല
അടിയും വഴക്കുംകൊണ്ടുമാത്രം കുട്ടികളെ നന്നാക്കിക്കളയാമെന്ന് ധരിക്കരുത്. വേദനയും വിഷമമവും മറക്കുമ്പോൾ കുട്ടികൾ തെറ്റുകൾ ആവർത്തിക്കാനിടയുണ്ട്. നിഷേധിക്കാനുള്ള കാരണം പറയുകയും ചെയ്യാം.
കുട്ടികളെ നല്ല കാര്യങ്ങൾ പഠിപ്പിക്കുന്നതിലും മോശം കാര്യങ്ങൾ തിരുത്തുന്നതിലും വീട്ടിലുള്ളവർക്ക് ഒരു എെക്യംവേണം. കുട്ടി ഒരു കാര്യം ചെയ്യരുതെന്നാണെങ്കിൽ അച്ഛനും അമ്മയും മുത്തശ്ശിയുമെല്ലാം അത് ചെയ്യരുത് എന്നുതന്നെ പറയണം. അച്ഛൻ ചെയ്തോയെന്നും അമ്മ ചെയ്യരുത് എന്നുമാണ് പറയുന്നതെങ്കിൽ കുട്ടിക്കതിൽ നിന്ന് തെറ്റായ സന്ദേശമാണ് കിട്ടുക. ആരുടെയടുത്താണ് കാര്യം നടക്കുകയെന്ന് നോക്കി കൗശലത്തോടെ നിൽക്കാനായിരിക്കും പിന്നീടവർ ശ്രമിക്കുക.
പിടിവാശി സമ്മതിച്ചു കൊടുക്കരുത്
ഒരു കാര്യം ചെയ്യരുതെന്ന് ചട്ടംകെട്ടി, പിന്നീട് കുട്ടികൾ വാശിപിടിച്ച് കരയുമ്പോൾ രക്ഷിതാക്കൾ അയഞ്ഞുകൊടുക്കുന്ന രീതിയുണ്ട്. തത്കാലം സമാധാനം കിട്ടട്ടേയെന്ന് കരുതി നൽകുന്ന ഇത്തരം ഇളവുകൾ കുട്ടികൾ അവസരമായെടുക്കും. കരഞ്ഞാൽ കാര്യം നടക്കുമെന്ന അടവ് അവർ പിന്നീടെപ്പോഴും പയറ്റും. രക്ഷിതാക്കളുടെ മൂഡിനൊത്താവരുത് ശിക്ഷ. ഭാര്യാഭർത്താക്കൻമാർ പരസ്പരദേഷ്യം തീർക്കാൻ കുട്ടികളെ ശിക്ഷിക്കരുത്.
താല്പര്യമില്ലെങ്കിൽ നിർബന്ധിക്കരുത്
കുട്ടിക്ക് താല്പര്യമില്ലാത്ത കാര്യങ്ങൾ ചെയ്യാൻ മാതാപിതാക്കൾ നിർബന്ധിക്കുന്നത് ഗുണത്തേക്കാൾ ദോഷമുണ്ടാക്കും. മറ്റുള്ളവരുടെ മുന്നിൽ പ്രത്യേക പരിഗണന കിട്ടാനായി നിർബന്ധിച്ച് പല കാര്യങ്ങൾക്കും വിടുന്നത് കുട്ടിയുടെ സ്വാഭാവികമായ കഴിവിനെ ഇല്ലാതാക്കും. കുട്ടിക്ക് താല്പര്യമുള്ളതും കഴിവ് തെളിയിക്കാൻ പറ്റുന്നതുമായ മേഖല എന്താണെന്ന് തുടക്കത്തിലേ കണ്ടെത്തി അതിൽ നല്ല പരിശീലനം നേടിക്കൊടുക്കുക മാത്രമാണ് രക്ഷിതാക്കൾക്ക് ചെയ്യാനുള്ളത്.
ആഗ്രഹങ്ങള്‍ അടിച്ചേല്‍പിക്കരുത്
നമ്മുടെ ആഗ്രഹങ്ങളെ കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്. പകരം അവരെ സ്വപ്‌നം കാണാന്‍ പഠിപ്പിക്കുക. മികച്ച മാതൃകകള്‍ കാണിച്ചുകൊടുക്കുക. വളരുമ്പോള്‍ ആരാവുമെന്നത് അവരുടെ സ്വപ്‌നമായിരിക്കണം. നമ്മളായിട്ട് നിര്‍ബന്ധിക്കണ്ട.
നല്ല മനുഷ്യരാവാന്‍ പഠിപ്പിക്കാം
കുട്ടികളെ ഊര്‍ജ്ജമുള്ള നല്ലൊരു മനുഷ്യനാക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്. പ്രൊഫഷണല്‍ ജീവിതത്തില്‍ വലിയ നേട്ടങ്ങളുണ്ടാക്കിയിട്ടും ജീവിതത്തില്‍ തോറ്റുപോകുന്ന ഒട്ടേറെയാളുകള്‍ നമുക്കുചുറ്റുമുണ്ട്.
തോല്‍വിയും ശീലമാവട്ടെ
കൊച്ചുകളികളില്‍ പോലും കുട്ടികളെ ജയിപ്പിക്കാന്‍ അച്ഛനും അമ്മയും തോറ്റുകൊടുക്കാറുണ്ട്. എളുപ്പം വിജയം ശീലമാകുന്നത് ഭാവിജീവിതത്തില്‍ കുട്ടികള്‍ക്ക് അപകടമാണ്. തോല്‍വികളും നല്ലതാണെന്ന് അവരോട് പറയണം. പഠനമികവ് മാത്രം കണക്കിലെടുത്ത് മിടുക്കനെന്ന് വിളിക്കുന്നതില്‍ അര്‍ഥമില്ല. കുട്ടികളുടെ കഴിവുകള്‍ വിശാലമാണ്.
ഓരോ കുട്ടിയും വ്യത്യസ്തരാണ്
കുട്ടികളുടെ വ്യത്യസ്തമായ കഴിവുകള്‍ തിരിച്ചറിയുന്നതില്‍ രക്ഷിതാക്കള്‍ അത്ര മിടുക്കരല്ല. സമപ്രായക്കാരായ മറ്റു കുട്ടികളുമായി അവരെ താരതമ്യം ചെയ്യുന്നത് പലരുടെയും ശീലമാണ്. മറ്റു കുട്ടികള്‍ ചെയ്യുന്നതുപോലെ നിനക്കെന്തുകൊണ്ട് ചെയ്തുകൂടായെന്ന ചോദ്യം നിര്‍ത്തുക. മറ്റേ കുട്ടിക്കുള്ള കഴിവായിരിക്കില്ല നിങ്ങളുടെ കുട്ടിക്കുള്ളത്. അയല്‍പ്പക്കത്തെ കുട്ടി പാട്ടുപാടുന്നതുകണ്ട് നിങ്ങളുടെ കുട്ടിയെ പാടാന്‍ നിര്‍ബന്ധിക്കരുത്. അവള്‍ക്ക് ചിലപ്പോള്‍ ചിത്രംവരയ്ക്കാനോ നൃത്തംചെയ്യാനോ ആയിരിക്കും താത്പര്യം.
അനുസരണക്കേട് അത്ര അപകടമല്ല
കുസൃതികളും അനുസരണക്കേടും നിറഞ്ഞ കാലമാണ് ബാല്യം. വളരെ ചെറുപ്പത്തിലേ അവര്‍ പക്വതയോടെ പെരുമാറണമെന്ന് വാശിപിടിക്കരുത്. അനുസരണക്കേടുകളിലൂടെ തന്നെയാണ് അവര്‍ പാകപ്പെടുന്നത്. അനുസരണ കാട്ടുമ്പോള്‍ അവരെ തിരുത്താന്‍ ശ്രമിക്കാം. അനുസരണയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാം.
ലാളന അധികമാവരുത്
കുട്ടികളെ ലാളിക്കാന്‍ കൊതിക്കുന്ന മുത്തശ്ശീമുത്തശ്ശന്‍മാര്‍ അച്ഛനും അമ്മയും സാധിച്ചുകൊടുക്കാത്ത അവരുടെ ആവശ്യങ്ങള്‍ പലപ്പോഴും സാധിച്ചുകൊടുക്കുന്ന പ്രവണതയുണ്ട്. അത് ഒരുപരിധിവരെ നല്ലതല്ല. നല്ലശീലം പഠിപ്പിക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്.
ഇഷ്ടങ്ങള്‍ക്ക് നിയന്ത്രണം വേണം
ചെറുപ്രായത്തില്‍തന്നെ കുട്ടികളെ പൂര്‍ണമായും അവരുടെ ഇഷ്ടത്തിന് ജീവിക്കാന്‍ വിടരുത്. അവര്‍ക്കതിനുള്ള പാകം വന്നിട്ടില്ല. എല്ലാ പെരുമാറ്റങ്ങളിലും രക്ഷിതാക്കള്‍ക്ക് നിയന്ത്രണം വേണം. തിരുത്തലുകള്‍ അപ്പപ്പോള്‍ നടത്തി മുന്നോട്ടുപോവുക.
പേടി വളര്‍ത്തരുത്
കുട്ടി എന്തെങ്കിലും പ്രവൃത്തി ചെയ്യാനൊരുങ്ങുമ്പോള്‍ അതിലെ പ്രശ്‌നത്തെപ്പറ്റി പറഞ്ഞ് അവരെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നത് കുട്ടിയുടെ ആത്മവിശ്വാസത്തെയും കാര്യശേഷിയേയും ഇല്ലാതാക്കും